കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും തുറന്നു


ബംഗ്ലൂരു: കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും തുറന്നു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടമായി ആരംഭിച്ചത്. മാസങ്ങള്‍ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ത്ഥികളെ മധുരം നല്‍കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കൊവിഡ് സുരക്ഷാ സന്നാഹങ്ങളോടെ സ്കൂള്‍ തുറന്നത്.

ആദ്യഘട്ടമായി 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് തുറന്നത്. മാസ്കും സാനിറ്റൈസറുമായി വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി.ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ബെഞ്ചില്‍ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നരീതിയിലാണ് ക്രമീകരണങ്ങൾ. പ്രധാനാധ്യാപകന്‍റെ മേല്‍നോട്ടത്തില്‍ സ്കൂളും പരിസരവും നേരത്തെ അണുമുക്തമാക്കിയിരുന്നു. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മുഴുവന്‍ അധ്യാപകര്‍ക്കും വാക്സീനും നല്‍കി.
വിദ്യാര്‍ത്ഥികളെ ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഓണ്‍ലൈന്‍ ക്ലാസ് അവസാന ഉപാധി മാത്രമെന്നും അധ്യാപകര്‍ നേരിട്ട് ക്ലാസെടുക്കുന്നതാണ് നല്ലതെന്നുമായിരുന്നു വിദഗ്ദ സമിതി ശുപാര്‍ശ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അടക്കം നേരിട്ട് സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed