മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാം: ഡിജിസിഎ പുതിയ സർക്കുലർ പുറത്തിറക്കി
![മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാം: ഡിജിസിഎ പുതിയ സർക്കുലർ പുറത്തിറക്കി മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാം: ഡിജിസിഎ പുതിയ സർക്കുലർ പുറത്തിറക്കി](https://www.4pmnewsonline.com/admin/post/upload/A_1zidBIR6NT_2021-03-13_1615630831resized_pic.jpg)
ന്യൂഡൽഹി: കൃത്യമായി മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന പുതിയ സർക്കുലർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കി. തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും കൃത്യമായി മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കിൽ പുറപ്പെടലിന് മുൻപോ യാത്രക്കാരെ ഒഴിവാക്കാം. യാത്രയ്ക്കിടെ ആരെങ്കിലും കോവിഡ് 19 പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് വിസമ്മതിച്ചാൽ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയിൽ പെടുത്താം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയമനടപടി എടുക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
മാസ്ക് ധരിക്കാത്ത യാത്രികരെ വിമാനത്തിൽനിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡൽഹി ഹൈക്കോടതി നിർദേശം നൽകിയതിനു പിന്നാലെയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികർ കൃത്യമായി മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി. ഹരിശങ്കർ പറഞ്ഞു.