സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കേന്ദ്ര−സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷനുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് വിധി ലക്ഷ്യമിടുന്നത്. ജസ്റ്റീസുമാരായ റോഹിംഗ്ടൻ നരിമാൻ, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വാതന്ത്ര്യ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും കോടതി പറഞ്ഞു. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.