കോൺഗ്രസ് ദുർബലമാകുന്നു; ഹൈക്കമാൻഡിനെതിരെ 'വിമതർ'
ശ്രീനഗർ: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും തിരുത്തലുകൾ ആവശ്യപ്പെട്ടും ജമ്മു കശ്മീരിൽ കോൺഗ്രസ് 'വിമതരുടെ' ഒത്തുചേരൽ. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും അതിനു വേണ്ടിയാണ് ഒത്തു ചേർന്നത് എന്നും പരിപാടിയിൽ സംസാരിക്കവെ മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു. ശാന്തി സമ്മേളൻ എന്ന പേരിലാണ് മുതിർന്ന നേതാക്കൾ ഒത്തുകൂടിയത്.
'കോൺഗ്രസ് പാർട്ടി ദുർബലമാകുന്നത് നമ്മൾ കാണുന്നു. അതു കൊണ്ടാണ് നാം ഇവിടെ ഒത്തുചേരുന്നത്. നേരത്തെയും ഒത്തുകൂടിയിരുന്നു. ഒന്നിച്ച് പാർട്ടിയെ ശക്തിപ്പെടുത്തണം' - സിബൽ പറഞ്ഞു.
പാർട്ടിയിലേക്ക് ഒളിച്ചുകയറിയവർ അല്ല തങ്ങൾ എന്നായിരുന്നു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥിന്റെ പ്രതികരണം. 'ഒരുപാട് ദൂരം സഞ്ചരിച്ചാണ് നമ്മൾ ഇവിടെയെത്തിയത്. നമ്മളിൽ ആരും ജനവാതിലിലൂടെ വന്നവരല്ല, വാതിലിലൂടെ തന്നെ വന്നവരാണ്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൡലൂടെയാണ് ഞങ്ങൾ രാഷ്ട്രീയത്തിലെത്തിയത്' - ആനന്ദ് ശർമ്മ കൂട്ടിച്ചേർത്തു. ഞങ്ങൾ കൂടിയാണ് ഈ പാർട്ടിയെ ഉണ്ടാക്കിയത്. ഞങ്ങൾ അതു ശക്തിപ്പെടുത്തുകയും ചെയ്യും. കോൺഗ്രസിന്റെ ഐക്യത്തിലും ശക്തിയിലും ഞങ്ങൾ വിശ്വസിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.