ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ്
ന്യൂഡൽഹി: ചെക്ക് ഇൻ ബാഗേജില്ലാതെ ക്യാബിൻ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയിൽ ഇളവ് നൽകാൻആഭ്യന്തര വിമാനക്കന്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വിജ്ഞാപനം പുറത്തിറക്കി. ഇളവ് ലഭിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിൽ യാത്രയിൽ കരുതുന്ന ബാഗേജിന്റെ ഭാരം സംബന്ധിച്ച വിവരം യാത്രക്കാർ പ്രസ്താവിക്കണമെന്ന് വ്യവസ്ഥയുണ്ട്.
നിലവിലെ ചട്ടമനുസരിച്ച് ഒരു യാത്രക്കാരന് ഏഴ് കിലോഗ്രാം ക്യാബിന് ബാഗേജും 15 കിലോഗ്രാം ചെക്ക്−ഇന്−ബാഗേജും യാത്രയിൽ കരുതാം. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ അധിക തുക ഈടാക്കും. പുതിയ ചട്ടമനുസരിച്ച് സീറോ ബാഗേജ് / നോ ചെക്ക് ഇന് ബാഗേജ് ചരക്കുകൂലി സൗജന്യത്തിന് വിമാനക്കന്പനികൾക്ക് അനുമതി നൽകും.
ടിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തും. എന്നാൽ യാത്രാസമയത്ത് ബാഗേജ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാൽ അധിക തുക വിമാനത്താവളത്തിലെ കൗണ്ടറിൽ ഈടാക്കും. സീറ്റുകളിലെ മുന്ഗണന, ഭക്ഷണം, പാനീയം, ലഘുഭക്ഷണം, വിശ്രമമുറി, കായികോപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയ്ക്കായി ഈടാക്കുന്ന ചാർജുകളിൽ ഇളവ് നൽകാനും ആഭ്യന്തരവിമാനക്കന്പനികൾക്ക് നിർദേശം നൽകി. യാത്രക്കാരുടെ ആവശ്യപ്രകാരമല്ലാതെ ലഭിക്കുന്ന സേവനങ്ങൾക്ക് അധിക തുക ഈടാക്കുന്നതും പലപ്പോഴും ഇത്തരം സേവനങ്ങൾ ലഭ്യമാകാത്തതും അന്യായമാണെന്ന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതികരണം ലഭിച്ചതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യാത്രക്കാർക്ക് ഇഷ്ടാനുസരണം അധികസേവനങ്ങൾ സ്വീകരിക്കാമെന്നും പ്രസ്താവനയിലുണ്ട്. ഇത്തരം സേവനങ്ങൾക്കുള്ള അധിക ചാർജ് വിമാനക്കന്പനികൾക്ക് നിശ്ചയിക്കാം.