അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ-പാക് സേനകൾ ഹോട്ലൈൻ പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യ−പാക് സേനകൾ ഹോട്‌ലൈൻ (നേരിട്ടുള്ള ഫോൺ ബന്ധം) പുനഃസ്ഥാപിച്ചു. ഹോട്‍ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ആശയവിനമയത്തിലൂടെ ജമ്മുകാഷ്മീർ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. വളരെ അപൂർവമായാണ് ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ ബന്ധപ്പെടുന്നത്. 24ന് അർധരാത്രി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്. ഇന്ത്യ−പാക് വെടിനിർത്തൽ കരാർ ഇന്ത്യ 2003 ൽ അംഗീകരിച്ചു.
എന്നാൽ 2016 ലെ ഉറി ആക്രമണം വരെ ഇത് തുടർന്നു. 2016−18 ൽ വലിയ തോതിലുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായി. 2018 ൽ പാക്കിസ്ഥാൻ വെടിനിർത്തലിന് നിർദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതിനെ തുടർന്ന് ദിവസവും അതിർത്തിയിൽ ഇരു സേനകളും വലിയതോതിലുള്ള ആക്രമണങ്ങളാണ് നടത്തിവന്നിരുന്നത്. ഹോട്‌ലൈൻ നിലവിൽവന്നതോടെ ഇരുരാജ്യങ്ങളിലേയും മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ പതിവായി സംസാരിക്കും. ബ്രിഗേഡിയർ ആഴ്ചയിൽ ഒരിക്കൽ സംസാരിക്കും. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ അപൂർവമായി മാത്രമേ ബന്ധപ്പെടൂ. ഇരു സേനകളും തമ്മിൽ ഭാവിയിലുണ്ടായേക്കാവുന്ന സംഘർഷങ്ങൾ ഹോട്‍ലൈൻ വഴിയുള്ള ആശയവിനിമയത്തിലൂടെയും അതിർത്തിയിലെ സേനാതല ചർച്ചകളിലൂടെയും (ഫ്ലാഗ് മീറ്റിംഗ്) പരിഹരിക്കാൻ ശ്രമിക്കും.