വീണ്ടും ട്വീറ്റ്; പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യം

ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കെതിരായ പുതിയ ട്വീറ്റിന്‍റെ പശ്ചാത്തലത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന് അഭിഭാഷകനാണ് കത്ത് നൽകിയിരിക്കുന്നത്.
മധ്യപ്രദേശിലെ എംഎൽഎമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്ററിൽ ചീഫ് ജസ്റ്റീസ് കൻഹ ദേശീയ പാർക്ക് സന്ദർശിച്ചെന്നും ഇതിനു ശേഷം സ്വന്തം നാടായ നാഗ്പുരിലേക്കു ഹെലികോപ്റ്ററിൽ പോയെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്. നേരത്തെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമർശിച്ച കേസിൽ ആഗസ്റ്റിൽ പ്രശാന്ത് ഭൂഷന് കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു.