ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത് കോവിഡ് ബാധിച്ചു മരിച്ചു

പാറ്റ്ന: മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ കപിൽ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്നയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ബിഹാറിൽ 10 വർഷം മന്ത്രിയായി. കഴിഞ്ഞ 40 വർഷമായി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കാമത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു.