മെ​ഹ​ബൂ​ബ മു​ഫ്തി​ക്ക് തടങ്കലിൽ നിന്ന് മോ​ച​നം


ന്യൂഡൽഹി: ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽനിന്നും മോചിപ്പിച്ചു. ജമ്മുകാഷ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട മെഹബൂബയെ ഇന്നലെ രാത്രിയോടെയാണ് മോചിപ്പിച്ചത്. മെഹബൂബയുടെ മോചനത്തിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. മോചന വിവരം മകൾ ഇൽറ്റിജ സ്ഥിരീകരിച്ചു. മുഫ്തിയുടെ അനധികൃത തടങ്കൽ ഒടുവിൽ അവസാനിച്ചിരിക്കുന്നു. ദുഷ്‌കരമായ സമയങ്ങളിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഇൽറ്റിജ ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തിയുടെ തടങ്കലിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടായതോടെയാണ് അവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. മെഹബൂബയെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും ജമ്മുകാഷ്മീർ ഭരണകൂടത്തെയും കോടതി ചോദ്യം ചെയ്തിരുന്നു. മെഹബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽവയ്ക്കുമെന്ന് കോടതി ചോദിച്ചു.

മെഹബൂബയെ എത്ര കാലം കസ്റ്റഡിയിൽ സൂക്ഷിക്കാമെന്നും അവരുടെ കസ്റ്റഡി ഒരു വർഷത്തിലേറെ നീട്ടാൻ കഴിയുമോ എന്ന വിഷയത്തിലും നിലപാട് അറിയിക്കാൻ ജമ്മുകാഷ്മീർ ഭരണകൂടത്തിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി നൽകിയിരുന്നു. ജസ്റ്റീസ് എസ്.കെ കൗൾ‍ അദ്ധ്യക്ഷനായ ബെഞ്ചാണ് നിർ‍ദേശം നൽ‍കിയത്. കേസ് ഒക്ടോബർ‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മോചനം ഉണ്ടായത്. മെഹ്ബൂബ മുഫ്തിയെ ജയിൽ‍ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് മകൾ‍ ഇൽറ്റിജയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ തടവിലായിരുന്നു. ആദ്യം സർക്കാർ ഗെസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലുമാണ് തടവിലാക്കിയത്. ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കൊപ്പം മെഹബൂബയ്ക്ക് എതിരെയും പബ്ലിക് സേഫ്റ്റി ആക്റ്റ് (പി‌എസ്‌എ) ചുമത്തിയിരുന്നു. ഒമറും ഫാറൂഖും മാർച്ചിൽ പുറത്തിറങ്ങി. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.

You might also like

Most Viewed