എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി: പിന്നാലെ കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ഖുശ്ബു


ന്യൂഡൽഹി: ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നീക്കം.

ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡൽഹിയിൽ എത്തിയതായും വാർത്ത വന്നു. എന്നാൽ വിഷയത്തോട് പ്രതികരിക്കാൻ ഖുശ്ബു തയ്യാറായില്ല.
2014 ൽ കോൺഗ്രസിലെത്തിയ ഖുശ്ബു ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയിലേക്കെന്ന തരത്തിൽ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ശനിയാഴ്ചയിലെ ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയായത്. ഇക്കാലത്തിനിടയിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള അർത്ഥത്തോടെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ഖുശ്ബു ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed