ഹത്രാസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡൽഹി: ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. രാജ്യത്താകെ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേ ണമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
ഞായറാഴ്ച നടപടിക്രമങ്ങൾ അനുസരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യും. പെൺകുട്ടിയുടെ മരണം, കൂട്ടമാനഭംഗം എന്നിവയുമായി ബന്ധപ്പെട്ട കേസ് മാത്രമേ സിബിഐ അന്വേഷിക്കുകയുള്ളൂ. ജാതി സംഘർഷം വ്യാപിപ്പിക്കുന്നതിനുള്ള ക്രിമിനൽ ഗൂഡാലോചന, അക്രമത്തിന് പ്രേരിപ്പിക്കൽ, രാഷ്ട്രീയ താൽപ്പര്യങ്ങളോടെയുള്ള മാധ്യമ വാർത്തകൾ തുടങ്ങി യുപി പോലീസ് അന്വേഷിക്കുന്ന കേസുകൾ സിബിഐ ഏറ്റെടുക്കില്ല. സപ്റ്റംബർ പതിനാലിനാണ് പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് ഡൽഹി സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു.