രാജ്യസഭയിലെ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ 8 എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചയ്ക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ബിജെപി എംപിമാർ നൽകിയ പരാതിയിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂൾ ബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജു സതാവ്, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സഭയിൽ ഇന്നലെ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. അംഗങ്ങളുടെ സമ്മതമില്ലാതെ സഭ നീട്ടിക്കൊണ്ടുപോയതിലും നിരാകരണ പ്രമേയങ്ങളും ബില്ലുകളും വോട്ടിനിടണമെന്ന ആവശ്യം തള്ളി പാസാക്കാനും ശ്രമിച്ചതിൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചട്ടപ്രകാരം അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.