24 മണിക്കൂറിനിടെ 93,000 ത്തിൽ അധികം രോഗികൾ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 53,08,014 ആയി ഉയർന്നു. ഇതിൽ 10,13,964 സജീവ കേസുകളാണ്.
1,247 പേരാണ് ഇന്നലെ മാത്രം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 85,619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി. വെള്ളിയാഴ്ച 8,81,911 ടെസ്റ്റുകൾ നടത്തിയതായി ഐ.സി.എം.ആർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 6,24,54,254 ടെസ്റ്റുകളാണ് നടത്തിയത്.
മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെ മാത്രം 21,656 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 405 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 11,67,496 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി എൺപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 4,917 പേർ കൂടി മരിച്ചതോടെ, ആകെ മരണം 955000 കടന്നു.