നാൽപ്പത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ ഇ-വിസ
ന്യൂഡൽഹി: 43 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ ഇ-വിസ സൗകര്യം നിലവിൽ വന്നു. വിദേശ വിനോദസഞ്ചാരികളുടെ ഇന്ത്യയിലേക്കുള്ള യാത്ര അനായാസമാക്കുന്നതാണിതെന്ന് പദ്ധതി ഉദ്ഘാടനംചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. ടൂറിസം മേഖലയിൽ പരിവർത്തനം സൃഷ്ടിക്കുന്ന പദ്ധതി സാന്പത്തികരംഗത്ത് ഉണർവേകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യത്ത് എത്തിയശേഷം വിസ അനുവദിക്കുന്ന ടൂറിസ്റ്റ് വിസ ഓൺ അറൈവൽ സംവിധാനമാണ് ഇ-വിസയിലൂടെ യാഥാർത്ഥ്യമാകുന്നത്. ഓൺലൈനായി അപേക്ഷിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഇ-വിസ ലഭിക്കും. വിസയുടെ കാലാവധി 30 ദിവസമായിരിക്കും. 62 ഡോളറാണ് വിസയുടെ ഫീസ് തുക. അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, ഇസ്രായേൽ, ജർമ്മനി, സിംഗപ്പൂർ, റഷ്യ, ഉക്രൈൻ, ബ്രസീൽ, യു.എ.ഇ, ഒമാൻ, ഫിലിപ്പൈൻസ് തുടങ്ങി 43 രാജ്യങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. വിനോദയാത്ര, ചികിത്സ, ബിസിനസ് യാത്ര, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിന് ഒക്കെ ഈ വിസ ലഭിക്കും. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്, കൊൽക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒന്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള സംഭാവന ഏഴ് ശതമാനമാണ്. ഇത് ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരമേഖലയിൽ ഏറെ ഉണർവിന് കാരണമാകുന്ന തീരുമാനമാണിത്.