വധേരയും ഭരത് ഭൂഷണും ജെറ്റ് എയർവേയ്സിന്റെ ആനുകൂല്യം കൈപ്പറ്റിയെന്ന് തെഹൽക
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേര, കേരള ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ തുടങ്ങിയവർ സ്വകാര്യ വിമാനകന്പനിയായ ജെറ്റ് എയർവേയ്സിൽ നിന്ന് ആനുകൂല്യം പറ്റിയതായി വെളിപ്പെടുത്തൽ. തെഹൽക്കയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഇവരെ കൂടാതെ പശ്ചിമ ബംഗാളിലെ ഐ.എ.എസ് ഓഫീസറായ മനോജ് മാൽവിയ, മുൻ ചീഫ് സെക്രട്ടറി കെ. എൻ ശ്രീവാസ്തവ, മുൻ ഡി.ജി.സി.എ ലളിത് ഗുപ്ത, വി.പി അഗർവാൾ തുടങ്ങി നിരവധി വി.ഐ.പികളാണ് സ്വാധീനം ഉപയോഗിച്ച് ജെറ്റ് എയർവേയ്സിൽ സൗജന്യയാത്രകൾ തരപ്പെടുത്തിയിട്ടുള്ളത്.
ഭരത് ഭൂഷൺ ബന്ധുക്കൾക്ക് സൗജന്യ വിമാനയാത്രയാണ് തരപ്പെടുത്തിയത്. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കായിരുന്നു യാത്ര. റോബർട്ട് വധേര നിരവധി തവണയാണ് ജെറ്റ്എയർവേയ്സിന്റെ സൗജന്യം പറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സുഹൃത്തിനും കന്പനി സൗജന്യം അനുവധിച്ചു. ഇരുവരുടെയും എക്കണോമിക് ക്ലാസ് ടിക്കറ്റുകൾ ഉയർന്ന ക്ലാസുകളിലേക്ക് മാറ്റിക്കൊടുക്കുകയാണ് കന്പനി ചെയ്തത്. വധേരയും അമ്മയും ഇത്തരത്തിൽ ലണ്ടനിലേക്കും മിലാനിലേക്കും യാത്ര നടത്തിയപ്പോഴും താഴ്ന്ന ക്ലാസ് ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് മാറ്റി നൽകി. വധേരയ്ക്ക് 10 തവണ ഇക്കണോമിക് ക്ലാസ് ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് മാറ്റി നൽകി. ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് മാറ്റി നൽകിയതിലൂടെ ഒരു കോടി രൂപയുടെ സൗജന്യമാണ് വധേര വിമാനക്കന്പനിയിൽ നിന്ന് സ്വന്തമാക്കിയത്. മാൽവിയ വെറു ഒരു ലക്ഷംരുപ നൽകിയാണ് തന്റെ കുടുംബത്തോടൊപ്പം ലണ്ടൻ അടക്കം 28 വിദേശ രാജ്യങ്ങളിലേക്ക് ജെറ്റ് എയർവേയ്സിൽ പറന്നത്. ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലേക്കും തിരിച്ച് ന്യൂഡൽഹിയിലേക്കും ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ചാർജ് മാത്രം ഒരുലക്ഷം രൂപ വരുമെന്നിരിക്കെയാണ് മാൽവിയ 6 കോടി രൂപ ചിലവ് വരുന്ന യാത്രകൾ ഒരുലക്ഷത്തിലൊതുക്കിയത്.
ഉദ്യോഗസ്ഥരും വി.ഐപികളും അനധികൃത യാത്രകൾ നടത്തുന്നുണ്ടെന്ന സംശയത്തെ തുടർന്ന് 2013ൽ സി.ബി.ഐ ജെറ്റ് എയർവേയ്സിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടിക്കറ്റുകൾ സൗജന്യമായി അനുവദിക്കാറില്ലെന്നായിരുന്നു മറുപടി.