മദ്യലഹരിയിലുള്ള സ്ത്രീയുടെ സമ്മതം അനുവാദമല്ലെന്ന് കോടതി

മുംബൈ : മദ്യലഹരിയിലുള്ള ഒരു സ്ത്രീ ലൈംഗികബന്ധത്തിനു സമ്മതം നൽകിയാൽ അത് അനുവാദമായി പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഈ സമയത്ത് സ്ത്രീ നൽകുന്ന സമ്മതം ബോധപൂർവമായിരിക്കില്ല. അതിനാൽ തന്നെ ഇത് യഥാർത്ഥ അനുവാദമായി പരിഗണിക്കാനോ, ഇത് ചൂണ്ടിക്കാണിച്ച് മാനഭംഗക്കുറ്റം ഒഴിവാക്കാനോ കഴിയില്ല.
ഒരാളുടെ നിശബ്ദതയെയോ മറുപടി പറയുന്നതിലെ അവ്യക്തതയെയോ സമ്മതമായി കണക്കാക്കാൻ ആവില്ല. ഇങ്ങനെയുള്ള സമ്മതത്തിന്‍റെ പേരിൽ മാനഭംഗക്കുറ്റം ഒഴിവാക്കാനും ആവില്ല- കോടതി പറഞ്ഞു. സഹപ്രവർത്തകയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ പൂന സ്വദേശിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
യുവതി മദ്യലഹരിയിലായിരുന്നെന്നും അവരുടെ സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ, മദ്യം താൻ ബോധ്യത്തോടെ കുടിച്ചതല്ലെന്നും പ്രതി തന്ത്രപരമായി കുടിപ്പിച്ചതാണെന്നും പരാതിക്കാരി പറഞ്ഞു. മദ്യലഹരിയിലായ തന്നെ മുഖ്യപ്രതി അയാളുടെ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ പ്രതിയുടെ രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. താൻ സമ്മതം നൽകിയിട്ടില്ലെന്നും യുവതി ആരോപിക്കുന്നു.