എച്ച്.ഐ.വി ബാധിതനായ ഏഴുവയസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി


കൊല്‍ക്കത്ത: എച്ച്.ഐ.വി ബാധിതനായ ഏഴുവയസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോട് വിശദീകരണം തേടി.

പശ്ചിമ ബംഗാളിലെ 24 സൗത്ത് പര്‍ഗാന ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പുറത്താക്കിയത്. സ്‌കൂളില്‍ നിന്ന് കുട്ടിയെ പുറത്താക്കിയ വിവരം മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. കുട്ടിക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്നാണ് വാര്‍ത്ത പുറത്തു വന്നത്.

സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പറഞ്ഞു. എച്ച്.ഐ.വിയെ സംബന്ധിച്ച ഭയവും ഇതുസംബന്ധിച്ചുള്ള അറിവില്ലായ്മയുമാണ് കുട്ടിയെ പുറത്താക്കുന്നതിലേക്ക് എത്തിയത്. ജനങ്ങളിലുണ്ടായിരിക്കുന്ന ഭീതിയായിരിക്കാം സ്‌കൂള്‍ അധികൃതര്‍ ഇത്തരമൊരു നിലപാടെടുക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുട്ടിയുടെ രക്ത പരിശോധന നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നുവത്രെ. എന്നാല്‍ ഇത് എങ്ങനെയോ പുറത്തായതോടെയാണ് മറ്റു കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തു വരികയും അവസാനം കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാനും കാരണമായതെന്നും പറയപ്പെടുന്നു.

You might also like

Most Viewed