സിന്ധു നദീജല കരാർ മരവിപ്പിച്ച് കൈമാറിയ കത്തിന്‍റെ വിവരങ്ങൾ പുറത്ത്

പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്. ‘പ്രിയ മുർതാസ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. ‘ഉത്തമ വിശ്വാസത്തോടെ മാനിക്കുക എന്നതാണ് ഒരു കരാറിന്‍റെ അടിസ്ഥാനം. എന്നാൽ, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യംവച്ചുള്ള പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടത്. തത്ഫലമുണ്ടാകുന്ന സുരക്ഷാ അനിശ്ചിതത്വങ്ങൾ കരാർ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിന് നേരിട്ട് തടസമായി. കൂടാതെ, കരാർ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർഥനയോട് പാകിസ്താൻ പ്രതികരിക്കാൻ വിസമ്മതിക്കുകയും അങ്ങനെ ഉടമ്പടിയുടെ ലംഘന നടത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ, 1960ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’. -കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ രംഗത്തുവന്നിരുന്നു. കരാർ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പ്രതികരിച്ചത്. 'സിന്ധു നദീജല കരാർ പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും നദീതീരവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കലും യുദ്ധനടപടിയുമായും കണക്കാക്കുമെന്നാണ് പാക് ദേശീയ സുരക്ഷ സമിതി (എൻ.എസ്.സി) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ASDFASASDDAS