ഇന്ന് പെസഹ ആചരണം; ദേവാലയങ്ങളില്‍ കാൽകഴുകൽ ശുശ്രൂഷ


ഇന്ന് ക്രൈസ്തവര്‍ അനുഷ്ഠാനങ്ങളോടെ പെസഹ ആചരിക്കുന്നു. യേശു ശിഷ്യരോടൊപ്പം സെഹിയോന്‍ ഊട്ടുശാലയില്‍ പെസഹ ആചരിച്ചതിന്‍റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെയും പാവനസ്മരണ അയവിറക്കുന്ന പുണ്യദിനം. എളിമയുടെയും ലാളിത്യത്തിന്‍റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ സ്മരണ പുതുക്കി ദേവാലയങ്ങളില്‍ പാദക്ഷാളനം നടന്നു. വിശുദ്ധവാരത്തിന്‍റെ അതിപ്രധാന ദിനങ്ങളിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ കടക്കുകയാണ്. ദേവാലയങ്ങളില്‍ പെസഹദിന ശുശ്രൂഷയും പകല്‍ ആരാധനയും നടക്കും. വൈകുന്നേരം ഭവനങ്ങളില്‍ അനുഷ്ഠാനങ്ങളോടെ പെസഹ ഭക്ഷണമായ അപ്പവും പാലും അടയും ആചാരപ്രകാരം തയാറാക്കും. കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്ന് പ്രാര്‍ഥനയ്ക്കും തിരുവചന വായനയ്ക്കും ശേഷം ഗൃഹനാഥന്‍ അപ്പം മുറിച്ച് നല്‍കും. പാതിരാവോളം പാന ആലാപനവും പീഡാനുവത്തെ അനുസ്മരിക്കുന്ന സുവിശേഷ വായനയുമായി കുടുംബാംഗങ്ങള്‍ ഭക്തിപൂര്‍വം പെസഹാദിനം ആചരിക്കും. ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്‍റ് തോമസ് കത്തീഡ്രലിലും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കോട്ടയം വിമലഗരി കത്തീഡ്രലിലും പെസഹാ ശുശ്രൂഷകളില്‍ കാര്‍മികരാകും. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവാ വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെസഹാ, ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. മണര്‍കാട് പള്ളിയിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കു യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ മുഖ്യ കാര്‍മികനാകും. നാളെ ദുഃഖവെള്ളിയോടനുബന്ധിച്ചും ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങളുണ്ട്. രാവിലെ പീഡാനുഭവ ശുശ്രൂഷകള്‍ക്കു തുടക്കമാകും.

article-image

ASDSADAWS

You might also like

Most Viewed