പരോളിലിറങ്ങി മുങ്ങിയ മുൻസൈനികൻ 20 വർഷത്തിന് ശേഷം പിടിയിൽ

ഡൽഹിയിൽ ജയിൽ ശിക്ഷയ്ക്കിടെ പരോളിന് ഇറങ്ങി മുങ്ങിയയാൾ 20 വർഷത്തിന് ശേഷം പിടിയിൽ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനിൽ കുമാർ തിവാരിയാണ് പിടിയിലായത്. 2005 ൽ ജയിലിൽ നിന്നും പരോൾ ലഭിച്ച് പുറത്തിറങ്ങിയ ഇയാളെ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 1989 മേയ് 31 നാണ് അനിൽ കുമാർ തിവാരി അറസ്റ്റിലായ‍്. കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2005 നവംബർ 21 ന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചു. പുറത്തിറങ്ങിയ അനിൽ കുമാർ പിന്നീട് മടങ്ങിയെത്തിയില്ല. അടുത്തിടെ ക്രൈംബ്രാഞ്ച് സംഘം പ്രയാഗ്‌രാജിലും തുടർന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തിന് ചുറ്റും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ ഇയാളെ കാണുകയും ചെയ്തു. തുടർന്ന് മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ചുർഹട്ട് ഗ്രാമത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നും അതിനാൽ താൻ ഒരിക്കലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും തന്‍റെ ഒളിത്താവളവും ജോലിസ്ഥലവും മാറിമാറി ഉപയോഗിച്ചിരുന്നതായും അനിൽ തിവാരി പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം പണം കൈയിലാണ് വാങ്ങിയിരുന്നത്. ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഒളിവിൽ കഴിയുന്നതിനിടയിൽ അയാൾ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോൾ അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്.
DSGDSAFSAS