വഖഫിനെതിരെ മുര്‍ഷിദാബാദിൽ സംഘര്‍ഷം രൂക്ഷം ; മൂന്ന് പേർ കൊല്ലപ്പെട്ടു

വഖഫ് ബില്ലിനെതിരെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. സംഘർഷത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെയും മുർഷിദാബാദിൽ പ്രതിഷേധം അരങ്ങേറുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധം നടത്തുന്നവർ റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. പൊലീസിന് പുറമെ ബിഎസ്എഫിനേയും സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ വഖഫ് നിയമഭേദഗതി ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന കാലത്തോളം താൻ നിയമം നടപ്പാക്കില്ലെന്നും വഖഫിൻ്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി നേരിടുമെന്നും മമത അറിയിച്ചു. മുര്‍ഷിദാബാദിലെ വഖഫ് പ്രതിഷേധങ്ങളെ പറ്റി സംസാരിക്കുന്നതിനിടയിലായിരുന്നു മമതയുടെ പ്രതികരണം.
കേന്ദ്ര സർക്കാരാണ് നിയമം നടപ്പിലാക്കിയതെന്നും സംസ്ഥാനം ഇതിനെതിരെയാണെന്നും മമത വ്യക്തമാക്കി. കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. ഒരു തരത്തിലുള്ള ആക്രമണങ്ങളെയും അംഗീകരിക്കില്ല. പല രാഷ്ട്രീയ പാർട്ടികളും അവസരം മുതലെടുത്ത് മതം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുണ്ട് . അവരുടെ പ്രേരണയ്ക്ക് വഴങ്ങരുതെന്നും മമത പറഞ്ഞു.
EAAEWEQWEQW