18 മാസംമുമ്പ് വീട്ടുകാർ മരിച്ചുവെന്ന് കരുതി അന്ത്യകർമങ്ങൾ ചെയ്ത യുവതി തിരികെയെത്തി

18 മാസംമുമ്പ് വീട്ടുകാർ മരിച്ചുവെന്ന് കരുതി അന്ത്യകർമങ്ങൾ ചെയ്ത യുവതി ജീവനോടെ തിരികെയെത്തി. മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലാണ് സംഭവം.
ലളിതാ ബായ് എന്ന യുവതിയാണ് താൻ മരിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാലുപേരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കാണാതായതോടെ ലളിത മരിച്ചുവെന്ന നിഗമനത്തിലായിരുന്നു കുടുംബം.
ലളിതയുടെതെന്ന് കരുതിയ മൃതദേഹം വീട്ടുകാർ സംസ്കരിക്കുകയും ചെയ്തു. ചില അടയാളങ്ങൾ തിരിച്ചറിഞ്ഞാണ് കുടുംബം മൃതദേഹം ലളിതയുടെതാണെന്ന് ഉറപ്പിച്ചതെന്ന് പിതാവ് രമേഷ് നാനുറാം ബൻചദ പറയുന്നു. ലളിതയുടെ ഒരു കൈയിൽ പച്ച കുത്തിയിരുന്നു. കാലിൽ കറുത്ത ചരടും കെട്ടിയിരുന്നു. മൃതദേഹത്തിലും സമാനമായ കാര്യങ്ങൾ കണ്ടപ്പോൾ ലളിതയുടെതാണെന്ന് തന്നെ കുടുംബം ഉറപ്പിച്ച് സംസ്കാര ചടങ്ങ് നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് കൊലപാതകത്തിന് കേസെടുത്ത് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഇംറാൻ, ഷാരൂഖ്, സോന, ഇജാസ് എന്നിവരെ പിന്നീട് ജയിലിലടച്ചു. എന്നാൽ 18 മാസത്തിന് ശേഷം ലളിത സ്വന്തം ഗ്രാമത്തിലേക്ക് ജീവനോടെ തിരിച്ചെത്തിയപ്പോൾ പിതാവ് ഞെട്ടിപ്പോയി. ഉടൻതന്നെ അവരെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഷാരൂഖിനൊപ്പം ബാൻപുരയിലേക്ക് പോയി എന്നാണ് ലളിത പൊലീസിനോട് പറഞ്ഞത്. അവിടെ രണ്ടുദിവസം താമസിച്ച ശേഷം ലളിതയെ ഷാരൂഖ് മറ്റൊരാൾക്ക് അഞ്ചുലക്ഷം രൂപക്ക് വിൽപന നടത്തി. രക്ഷപ്പെടാൻ ഒരു വഴിയും കാണാതെ ഒന്നരവർഷത്തോളം രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു താനെന്നും ലളിത പറഞ്ഞു.
തന്റെ കൈയിലെ ആധാർ, വോട്ടർ ഐഡി രേഖകളും അവർ അധികൃതരെ കാണിച്ചു. ഒടുവിൽ എല്ലാ തെളിവുകളും പരിശോധിച്ച് തിരിച്ചുവന്നത് മരിച്ചുവെന്ന് കരുതിയ ലളിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലളിതക്ക് രണ്ട് മക്കളുണ്ട്.
sdffd