വീണ്ടും തിരിച്ചടി; ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാനൊരുങ്ങി വനൗതു

ഐ.പി.എൽ സാമ്പത്തിക തിരിമറിക്കേസിൽ ആരോപണ വിധേയനായി ലണ്ടനിലേക്ക് കടന്ന മുൻ ചെയർമാൻ ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാനൊരുങ്ങി വനൗതു. ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ വനൗതു പ്രധാനമന്ത്രി ജോതം നപത് പൗരത്വ കമീഷന് തിങ്കളാഴ്ച നിർദേശം നൽകി.
നാടുകടത്തുന്നത് ഒഴിവാക്കാൻ കൊടുംകുറ്റവാളിയായ ബിസിനസുകാരൻ ദക്ഷിണ പസഫിക് ദ്വീപ രാഷ്ട്രമായ വനൗതു പൗരത്വം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ നിർദേശം.
ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകാൻ(സറണ്ടർ ചെയ്യാൻ) ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിൽ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ലളിത് മോദിക്ക് വീണ്ടും തിരിച്ചടിയുണ്ടാകുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ലളിത് മോദിക്കെതിരെ പുറത്തുവന്ന വാർത്തകളെ തുടർന്നാണ് നടപടി.
''അപേക്ഷകർ നിയമാനുസൃത കാരണങ്ങളാലാണ് പൗരത്വം തേടേണ്ടത്. പാസ്പോർട്ട് അപേക്ഷക്കിടെ നടത്തിയ ഇന്റർപോൾ സ്ക്രീനിങ്ങുകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലോ പരിശോധനകളിലോ ലളിത് മോദിയുടെ പേരിൽ ക്രിമിനൽ കുറ്റം തെളിഞ്ഞിരുന്നില്ല. ലളിത് മോദിക്കെതിരെ ജാഗ്രതാ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അഭ്യർഥന ഇന്റർപോൾ രണ്ടുതവണ നിരസിച്ചതായി മനസിലായി. അത്തരമൊരു മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ മോദിയുടെ പൗരത്വ അപേക്ഷ സ്വാഭാവികമായും റദ്ദാക്കും'' -ജോതം നപത് വ്യക്തമാക്കി.
രാജ്യം വിട്ട ലളിത് മോദിയെ തിരികെ എത്തിക്കാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇ.ഡി) സി.ബി.ഐയും ശ്രമം തുടരുകയാണ്. അതിനിടെയാണ് ലളിത് മോദി ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകാനുള്ള അപേക്ഷ നൽകിയത്. ഒപ്പം വനൗതു പാസ്പോർട്ട് സ്വീകരിക്കുകയും ചെയ്തു. ഐ.പി.എൽ കമ്മീഷണറായിരിക്കെ കോടികളുടെ തട്ടിപ്പിൽ പങ്കാളിയായി എന്ന ആരോപണവുമായി ബന്ധപ്പെട്ട് 2010ലാണ് ലളിത് മോദി ഇന്ത്യവിട്ടത്.
sdfds