കുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് പ്രഖ്യാപിച്ച് സർക്കാർ

മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യു പി സർക്കാർ. കുംഭമേളയിൽ വിന്യസിച്ച ശുചീകരണ തൊഴിലാളികൾക്ക് ബോണസായി 10,000 രൂപ നൽകും. ഏപ്രിൽ മുതൽ എല്ലാ ശുചീകരണ തൊഴിലാളികൾക്കും പ്രതിമാസ ശമ്പളം 16,000 രൂപ വീതം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകി. ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് DBT (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) വഴി കൈമാറും.
കൂടാതെ, ആയുഷ്മാൻ ഭാരത് അല്ലെങ്കിൽ മുഖ്യമന്ത്രി ജൻ ആരോഗ്യ യോജന വഴി എല്ലാ ശുചിത്വ, ആരോഗ്യ പ്രവർത്തകർക്കും 5,00,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പരിരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചു. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടന്ന മഹത്തായതും ദിവ്യവുമായ ഈ പരിപാടിയിൽ ഈ തൊഴിലാളികളെ അവരുടെ സംഭാവനകൾക്ക് ആദരിക്കാൻ മുഴുവൻ സംസ്ഥാന സർക്കാരും സന്നിഹിതരാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. 2025-ലെ പ്രയാഗ്‌രാജ് മഹാ കുംഭത്തിൽ കണ്ടത് പോലെ ഒരു ടീം സ്പിരിറ്റോടെ ഒരു ദൗത്യം നിർവഹിക്കുമ്പോൾ അതിൻ്റെ ഫലം അസാധാരണമാണെന്ന് മുഖ്യമന്ത്രി യോഗി ഊന്നിപ്പറഞ്ഞു. ശുചീകരണ പരിപാടി പുതിയ രീതിയിൽ അവതരിപ്പിക്കാനും പ്രത്യേക ശുചിത്വ ക്യാമ്പയിൻ ആരംഭിക്കാനും അദ്ദേഹം എല്ലാ ശുചീകരണ തൊഴിലാളികളോടും അഭ്യർത്ഥിച്ചു. ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുക്കാൻ എല്ലാ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. മഹാകുംഭ് മേളയിൽ 15,000 ത്തോളം ശുചീകരണ തൊഴിലാളികളെയാണ് വിവിധ പ്രദേശങ്ങളിലായി വിന്യസിപ്പിച്ചിരിക്കുന്നത്.
അതേസമയം, പ്രയാഗ്‌രാജ് സന്ദർശിച്ച എല്ലാവരും രണ്ട് കാര്യങ്ങളെയാണ് പ്രകീർത്തിച്ചതെന്ന് യോഗി അഭിപ്രായപ്പെട്ടു. അതിൽ ഒന്ന് ശുചിത്വവും മറ്റൊന്ന് പൊലിസിന്റെ പെരുമാറ്റവുമായിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
aefsazfswafswsw