ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയിൽ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ലെഫ്. ഗവർണർ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഷിഷ് സൂദ്, മജീന്ദർ സിങ് സിർസ, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദ്ര ഇന്ദ്രാജ് സിങ്ങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ്ങ് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പർവേശ് ശർമയെ ഉപമുഖ്യമന്ത്രിയായും നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തിരുന്നു. രേവിജേന്ദ്ര ഗുപ്തയെ സ്പീക്കറായും തിരഞ്ഞെടുത്തിരുന്നു.
27 വർഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി. ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു രേഖയുടെ മുൻഗാമികളായി അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, എഎപി എംപി സ്വാതി മലിവാൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെയത്തിയിരുന്നു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗത്തിലായിരുന്നു തീരുമാനം. പർവേശ് വർമയാണ് രേഖയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. ആദ്യമായി നിയമസഭയിലേക്കെത്തുന്ന രേഖയെ മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ ബിജെപി പരിഗണിച്ചു. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്ന് 29,595 വോട്ടിൻറെ ഉജ്ജ്വല വിജയമാണ് രേഖ നേടിയത്.
എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവാണ് രേഖ ഗുപ്ത. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവായിട്ടായിരുന്നു തുടക്കം. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത. 2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് രേഖ വീണ്ടും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായും രേഖ പ്രവർത്തിച്ചിട്ടുണ്ട്.1974 ജൂലൈ 19 ന് ഹരിയാനയിലെ ജുലാനയിലായിരുന്നു രേഖ ഗുപ്തയുടെ ജനനം.
asdfdsdfsadgs