ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം; കേന്ദ്ര സർക്കാരിനെയും റെയിൽവേ മന്ത്രിയെയും കുറ്റപ്പെടുത്തി പ്രതിപക്ഷം

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർ മരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും റെയിൽവേ മന്ത്രിയെയും കുറ്റപ്പെടുത്തി പ്രതിപക്ഷം. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമെന്ന് നേതാക്കാൾ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രത്യേക ട്രെയിനുകളിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടാകുന്നത്. സ്റ്റേഷനിൽ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പാളിച്ചയുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രെയിൻ സമയക്രമത്തിലും പ്ലാറ്റ്‌ഫോമിലും അവസാന നിമിഷം മാറ്റം വരുത്തിയതും കുഴപ്പങ്ങൾക്ക് ആക്കം കൂട്ടിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദുരന്തത്തിന് ഉത്തരവാദി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മരണപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ റെയിൽവേ സംവിധാനത്തിന്‍റെയും സർക്കാരിന്‍റെയും പരാജയമാണ് ഈ സംഭവം എടുത്തുകാണിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ‘പ്രയാഗ്‌രാജിലേക്ക് പോകുന്ന ഭക്തരുടെ എണ്ണം കൂടുതലായതിനാൽ, സ്റ്റേഷനിൽ മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് സർക്കാരും ഭരണകൂടവും ഉറപ്പാക്കണം’ -രാഹുൽ ‘എക്സി’ൽ കുറിച്ചു.
റെയിൽവേയുടെ ഗുരുതരമായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്ന് ബിഎസ്പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി ആരോപിച്ചു. ‘റെയിൽവേയുടെ ഗുരുതരമായ അശ്രദ്ധ കാരണം തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അത്യന്തം ദാരുണമായ സംഭവമാണിത്. ഇരകൾക്ക് എന്‍റെ അഗാധമായ അനുശോചനം. ഉത്തരവാദികളായവർക്കെതിരെ സർക്കാർ നടപടിയെടുക്കുകയും ഇരകൾക്ക് പൂർണ സഹായം നൽകുകയും വേണം’ -അവർ പറഞ്ഞു.
ഒഴിവാക്കാനാകുമായിരുന്ന ദുരന്തമാണിതെന്ന് എഐഎംഐഎം പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. ബിജെപി സർക്കാർ സംഭവം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പകരം ചെയ്യേണ്ടത് ദുരന്തം അന്വേഷിക്കാൻ സ്വതന്ത്രവും ജുഡീഷ്യൽ മേൽനോട്ടത്തിലുള്ളതുമായ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഇന്ത്യൻ റെയിൽവേയുടെ വ്യവസ്ഥാപിത പരാജയങ്ങളെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അന്വേഷണം നടത്തുകയുമാണ് വേണ്ടത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ, മോദി സർക്കാരിന്‍റെ ദുഷ്‌പ്രവൃത്തികൾക്ക് അവ അർഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
dfg