104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം ഇന്ത്യയിൽ എത്തി
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 പേർ സ്ത്രീകളും 13 പേർ കുട്ടികളുമാണെന്നാണ് റിപ്പോർട്ട്.
യു.എസ് സൈനിക വിമാനം സി -17 ആണ് ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെ ഇന്ത്യയിൽ എത്തിയത്.
തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. മെക്സിക്കൽ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്.
ഇനിയും വിമാനങ്ങൾ എത്താമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കർശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പാക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ട്രംപ് ആ നയം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തിരിച്ചയച്ചവരിൽ കൂടുതലെന്നും റിപ്പോർട്ടുണ്ട്.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോർട്ട്. ആറ് വിമാനങ്ങൾ ഇതിനകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ട്രംപ് അയച്ചിട്ടുണ്ട്.
assasd