ഡൽഹിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി


ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗംഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനുഗ്രഹമെന്ന് മോദി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പോളിംഗ് പുരോഗമിക്കവേ ഇന്ന് രാവിലെ 11 മണിക്കാണ് ത്രിവേണീ സംഗമത്തിൽ പ്രധാനമന്ത്രി സ്നാനം നടത്തിയത്. പിന്നീട് പ്രത്യേക പൂജയിലും സംബന്ധിച്ചു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള നഗരിയിലെത്തിയത്.

തിരക്ക് ഒഴിവാക്കാൻ യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സംഗം ഘാട്ടിലെത്തിയത്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി കുംഭമേള സജീവമായി കൊണ്ടുനടന്നിരുന്നു.

ഇതിനിടെ, തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തം തിരിച്ചടിയായി. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ കൂടിയാണ് പോളിംഗ് ദിനത്തിൽ പ്രധാനമന്ത്രിയുടെ സ്നാനമെന്ന് പറയപ്പെടുന്നു. കേന്ദ്രമന്ത്രി അമിത്ഷായും, ഉപരാഷ്ട്രപതിയും, വിവിധ കേന്ദ്രമന്ത്രിമാരും നേരത്തെ സ്നാനം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിംഗ് ദിനത്തിൽ കന്യാകുമാരിയിൽ മോദി ധ്യാനം നടത്തിയിരുന്നു. ദുരന്തം നടന്ന ദിവസമായിരുന്നു മോദി കുംഭമേളക്ക് പോകേണ്ടിയിരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

article-image

dfsdsf

You might also like

Most Viewed