ഗുജറാത്ത് കലാപത്തിലെ പോരാളി സാകിയ ജാഫ്‍രി അന്തരിച്ചു
അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്‍രിയുടെ വിധവയും നിയമ പോരാളിയുമായ സാകിയ ജാഫ്‍രി അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് രാവിലെ 11.30 തോടെ അഹമ്മദാബാദിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യമെന്ന് മകൻ തൻവീർ ജാഫ്‍രി അറിയിച്ചു.
2002ൽ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ ഹിന്ദുത്വ ആൾക്കൂട്ട അക്രമത്തിനിടെയാണ് ഇഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. തുടർന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാകിയ നടത്തിയ നിയമ പോരാട്ടം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. മറ്റ് 68 പേർക്കൊപ്പം ജനക്കൂട്ടത്താൽ ചുട്ടുകൊല്ലപ്പെട്ട തന്റെ ഭർത്താവിന് സംരക്ഷണം നൽകുന്നതിൽ മോദി പരാജയപ്പെട്ടുവെന്ന് സാകിയ ജാഫ്രി വാദിച്ചു.
മോദിയും ബി.ജെ.പിയും മന്ത്രിതല സഹപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു. എന്നാൽ, മോദിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വിചാരണ കോടതി വിധിച്ചത് സാകിയയുടെ പോരാട്ടത്തിലെ കറുത്ത അധ്യായമായി.
‘ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരക്കണക്കിന് മുസ്‍ലിംകൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാകിയയുടെ പ്രതികരണം.
2002 ലെ കലാപം ഇന്ത്യയിലെ ഏറ്റവും മോശം വംശീയ അക്രമങ്ങളിൽ ഒന്നായിരുന്നു. അതിന്റെ അതിജീവത കൂടിയാണ് സാകിയ ജാഫ്‍രി. കോൺഗ്രസ് എം.പിയും സ്വാതന്ത്ര്യ സമര സേനാനിയും യൂണിയനിസ്റ്റും സാഹിത്യകാരനുമായിരുന്നു ഭർത്താവ് ഇഹ്‌സാൻ ജാഫ്‍രി.