മഹാകുംഭമേളക്ക് എത്തുന്ന യാത്രക്കാർക്ക് വിമാന നിരക്കിൽ 50 ശതമാനം കുറവ് വരുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡൽഹി: പ്രയാഗ് രാജിലെ മഹാകുംഭമേളക്ക് എത്തുന്ന യാത്രക്കാർക്ക് വിമാന നിരക്കിൽ 50 ശതമാനം കുറവ് വരുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു.
പുതുക്കിയ നിരക്ക് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കിയതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയ്തു. വിമാനകമ്പനികളുമായി മുന്നു തവണ നടത്തിയ ചർച്ചയിലാണ് നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.
വിമാന നിരക്ക് കുറക്കുന്നത് വഴി വിമാനമ്പനികൾക്ക് നഷ്ടം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കും. മഹാകുംഭമേളയോട് അനുബന്ധിച്ച് വിമാന നിരക്കിൽ വൻ വർധനവാണ് വിമാനകമ്പനികൾ വരുത്തിയത്.
ജനുവരി 23ന് വിമാനകമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വിമാനനിരക്കിൽ ഇളവ് വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടിരുന്നു. സന്ദർശകരുടെ തിരക്ക് മുൻകൂട്ടി കണ്ട് ജനുവരിയിൽ 81 അധിക വിമാന വിമാനങ്ങൾക്ക് പ്രയാഗ് രാജിലേക്കും പുറത്തേക്കും സർവീസ് നടത്താൻ ഡി.ജി.സി.എ അനുമതി നൽകിയിരുന്നു. ഇതോടെ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 132 ആയി ഉയർന്നു.
എന്നാൽ, ഡൽഹി-പ്രയാഗ്‌രാജ് ടിക്കറ്റ് നിരക്കിൽ 21 മടങ്ങ് വർധനവ് ആണ് റിപ്പോർട്ട് ചെയ്തത്. ജനുവരി 13ന് ആരംഭിച്ച പ്രയാഗ് രാജിലെ മഹാകുംഭമേള ഫെബ്രുവരി 26ന് സമാപിക്കും. ഇതുവരെ 199.4 ദശലക്ഷത്തിലധികം പേർ പ്രയാഗ് രാജ് സന്ദർശിച്ചിട്ടുണ്ട്.
fgc