തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവിന് വാറന്റ്
തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനംചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ യൂനിറ്റായ ദിവ്യ ഫാർമസി ഉടമകൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്‍റ്) ആക്ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിനാണ് ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്.
തെറ്റിദ്ധാരണജനകമായ ഔഷധപരസ്യം നൽകിയതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പത്തെണ്ണവും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്തവയാണ്. ജനകീയാരോഗ്യപ്രവർത്തകനായ ഡോ. കെ.വി. ബാബുവിന്റെ പരാതിയിലായിരുന്നു നടപടി. 2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി തുടങ്ങിയത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-4 ലാണ് രാജ്യത്ത് ആദ്യമായി ഔഷധ ചട്ടലംഘനത്തിന് പതഞ്ജലിക്കെതിരെ കേസെടുത്തത്. ഈമാസം 14ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതി ഭാഗം ഹാജരാകാത്തതിനെത്തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റി.
addfsfds