കൊല്‍ക്കത്ത ആർ ജി കർ ബലാത്സംഗക്കൊല: പ്രതി കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച


രാജ്യത്തെ നടുക്കിയ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. പ്രതി സഞ്ജയ് റോയ്‌യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷാവിധി തിങ്കാളാഴ്ച. വിചാരണ കോടതി ജഡ്ജ് അനിര്‍ബന്‍ ദാസിന്റേതാണ് വിധി. സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിധി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറെ പ്രതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സെമിനാര്‍ ഹാളിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് തന്നെ പ്രതി സഞ്ജയ് റോയ്‌യെ കസ്റ്റഡിയിലെടുത്തിരുന്നു. ഓഗസ്റ്റ് 13ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം അന്വേഷണം പൊലീസില്‍ നിന്നും സിബിഐക്ക് കൈമാറി. തുടര്‍ന്ന് 25 അംഗ ടീമിനെ സിബിഐ രൂപീകരിച്ചു.

സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് രാജിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞിട്ടും ഉടനടി പൊലീസിനെ അറിയിച്ചില്ലെന്നും, ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയായി അവതരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര വീഴ്ചയില്‍ സന്ദീപ് ഘോഷിന്റെ നുണപരിശോധനയും പൊലീസ് നടത്തിയിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ ഏഴിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 29ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടില്‍ സന്ദീപ് ഘോഷിനെ പ്രതി ചേര്‍ത്തും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാന്‍ പോയ യുവ ഡോക്ടറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.

കുറ്റപത്രത്തില്‍ കൂട്ട ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുകയും ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. താന്‍ സെമിനാര്‍ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ യുവതി ബോധരഹിതയായിരുന്നുവെന്നായിരുന്നു സഞ്ജയ് പറഞ്ഞത്.

എന്നാല്‍ വിവരം എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് താന്‍ പരിഭ്രാന്തിയാലായതിനാലാണ് അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു മറുപടി. തന്നെ കേസില്‍ കുടുക്കുകയാണെന്നും സഞ്ജയ് റോയ് ആരോപിച്ചു. പിന്നാലെ നടന്ന അന്വേഷണത്തില്‍ സഞ്ജയ് റോയ് തങ്ങളോട് നുണപറയുകയാണെന്ന് സിബിഐക്ക് വ്യക്തമാകുകയായിരുന്നു.രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയ കേസായിരുന്നു യുവ ഡോക്ടറുടെ കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി ഡോക്ടര്‍മാര്‍ ആര്‍ ജി കര്‍ ആശുപത്രിയില്‍ നിന്ന് രാജി വെച്ചിരുന്നു.

article-image

DFSTDFS

You might also like

Most Viewed