ഡൽഹി സർവകലാശാലയിൽ ഭഗവദ്ഗീത കോഴ്‌സുകൾ ബഹുസ്വര ധാർമികതയെ തുരങ്കം വെക്കുന്നത്; അക്കാദമിക് കൗൺസിൽ അംഗങ്ങൾ
ഡൽഹി സർവകലാശാലയുടെ ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകൾ മതേതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബഹുസ്വര ധാർമികതയെ തുരങ്കം വെക്കുന്നതെന്ന് വിമർശനം. വൈസ് ചാൻസലർ യോഗേഷ് സിങ് അധ്യക്ഷനായ സർവകലാശാലയുടെ അക്കാദമിക് കൗൺസിലാണ് ഭഗവദ്ഗീതയുടെ മഹത്വത്തെക്കുറിച്ചുള്ള നാല് ‘മൂല്യ വർധിത’ കോഴ്‌സുകൾക്ക് വെള്ളിയാഴ്ച അംഗീകാരം നൽകിയത്. ഗീത ഫോർ എ ഹോളിസ്റ്റിക് ലൈഫ്, ലീഡർഷിപ്പ് എക്സലൻസ് ത്രൂ ദി ഗീത, ദി ഗീത ഫോർ എ സസ്റ്റെയ്നബിൾ യൂനിവേഴ്സ്, ദി ഗീത: നാവിഗേറ്റിങ് ലൈഫ് ചലഞ്ചസ് ആൻഡ് എൻവിസേജിങ് വിക്ഷിത് ഭാരത് എന്നിവയാണ് പുതിയ കോഴ്‌സുകൾ.
റിസോഴ്സുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി കോളജുകൾക്ക് തെരഞ്ഞെടുക്കാൻ സർവകലാശാല ഇതിനകം തയാറാക്കിയ കോഴ്സ് പട്ടികയുടെ ഭാഗമാണ് ഇവ. നാല് വർഷത്തെ യു.ജി പ്രോഗ്രാമിലെ വിദ്യാർഥികൾ ആദ്യ രണ്ട് വർഷങ്ങളിൽ നാല് മൂല്യവർധിത കോഴ്സുകൾ പഠിക്കേണ്ടതുണ്ട്. അക്കാദമിക് കൗൺസിൽ അംഗങ്ങളായ മായ ജോൺ, മോനാമി സിൻഹ, മിഥുരാജ് ധുസിയ, ബിശ്വജിത് മൊഹന്തി എന്നിവർ കോഴ്‌സുകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും വിഷയങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിയോജനം സർവകലാശാലയെ അറിയിച്ചു.
ൈാീ൪ാീൈ൪ാീ