മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. മൻ മോഹൻ സിംഗിന്റെ മൃതദേഹം ഡൽഹിയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.
രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.
ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച, പുതുയുഗത്തിന് തുടക്കമിട്ട ഭരണകര്‍ത്താവായിരുന്നു മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, സൗമ്യശീലനായിരുന്ന ബൗദ്ധിക ആഴത്തിനും പേരുകേട്ട മന്‍മോഹന്‍ സിംഗ് രാഷ്ട്രീയ ഭേദമന്യേ ബഹുമാനം നേടിയ വ്യക്തികൂടിയാണ്.
സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യൂണിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റത്തിന്റെ രൂപീകരണം, വിവരാവകാശ നിയമം, ഇന്ത്യ-യുഎസ് സിവില്‍ നൂക്ലിയര്‍ കരാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലത്തെ ഭരണനേട്ടങ്ങളാണ്.
നിര്‍ണായകമായ സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 90-കളില്‍ ധനമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം ലൈസന്‍സ് രാജ് അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാതില്‍ ലോകത്തിന് തുറന്നുകൊടുക്കുകയും ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള ഏകീകരണത്തിനും കളമൊരുക്കുന്ന നിരവധി പരിഷ്‌കാരങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്.
xcb