രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
പൂനെ: രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേണ്ടെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് കൂട്ടിച്ചേർത്തു. വിവിധ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഐക്യത്തോടെ നിലനിൽക്കുന്ന പ്രദേശത്തിന് ഉദാഹരണമാണ് ഇന്ത്യയെന്നും ഭാഗവത് പറഞ്ഞു. പൂണെയിൽ വിശ്വഗുരു ഭാരത് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആർ.എസ്.എസ് മേധാവിയുടെ പ്രതികരണം.
ആരാധനാലയങ്ങളുടെ പേരിൽ രാജ്യത്ത് വീണ്ടും തർക്കങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. യു.പിയിലെ സംഭാലിൽ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ശരീഫ് എന്നിവടങ്ങളിൽ അവകാശവാദം ഉന്നയിച്ച് സംഘപരിവാർ സംഘടനകൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.
മുമ്പുണ്ടായ തെറ്റുകളിൽ നിന്ന് പഠിച്ച് ലോകത്തിന് തന്നെ മാതൃകയാവുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റണം. രാമക്ഷേത്രം വിശ്വാസത്തിന്റെ പ്രശ്നമായാണ് ഹിന്ദുക്കൾ കണ്ടത്. അത് നിർമിക്കണമെന്നും അവർ ആഗ്രഹിച്ചു. പുതിയ ചില സ്ഥലങ്ങളിൽ തർക്കം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു.
സമൂഹത്തിലെ ഭിന്നതകൾ പരിഹരിക്കുന്നതിന് പഴയ സംസ്കാരത്തിലേക്ക് മടങ്ങുകയാണ് വേണ്ടത്. തീവ്രവാദം,ആക്രമണാത്മകത, ബലപ്രയോഗം, മറ്റുള്ളവരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവയൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല. നമ്മൾ എല്ലാവരും ഒന്നാണ്. എല്ലാവർക്കും അവരുടേതായ രീതിയിൽ ആരാധന നടത്താമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
dzf