വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്.
46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് മുരുഡേശ്വർ സന്ദർശിച്ചത്. വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവയ്ക്കാതെ വിദ്യാർഥിനികൾ കടലിലിറങ്ങുകയായിരുന്നു. ഏഴ് വിദ്യാർഥിനികൾ കടലിൽ മുങ്ങിത്താണു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 106 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ആറ് അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് നാരായണ എം പറഞ്ഞു. മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
sdeffsd