അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരേ ജെപിസി (സംയുക്ത പാർലമെന്‍ററി സമിതി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് കേസ് എന്നും അദാനി ഗ്രൂപ്പിന്‍റെ പണമിടപാടുകൾ ജെപിസി അന്വേഷിക്കണമെന്നുമാണ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചത്. അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വ്യവസായി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"യുഎസിലെ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഗൗതം അദാനിക്കും കൂട്ടർക്കുമെതിരെ ചുമത്തിയ കുറ്റം വിവിധ 'മൊദാനി' അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണത്തിനായി 2023 ജനുവരി മുതൽ കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവയ്ക്കുന്നു. കോൺഗ്രസിന്‍റെ 'ഹം അദാനി കെ ഹേ' (എച്ച്എഎച്ച്കെ) പരമ്പരയിൽ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.’– ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്നാണ് കേസ്. ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്. 250 മില്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്.
ASCADSSA