പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെയെന്ന് ബോംബെ ഹൈക്കോടതി
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി.
18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിയും ഇരയും ഈ ബന്ധത്തിൽ ജനിച്ച ആൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.
പരാതിക്കാരിയായ പെൺകുട്ടിയെ യുവാവ് നിർബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഈ ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാൾക്കെതിരെ പരാതി നൽക്കുകയായിരുന്നു.
e