തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
ചെന്നൈ:
തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകൾ മൂലം ഏറെ നാളായി രോഗബാധിതനായിരുന്നു. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലുമുൾപ്പെടെ 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുനെൽവേലി സ്വദേശിയാണ്. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന ഗണേശൻ എന്ന ഡൽഹി ഗണേഷ് സിനിമയിൽ അഭിനയിക്കാനായാണ് ജോലി ഉപേക്ഷിച്ചത്. സിനിമയിലെത്തുന്നതിന് മുമ്പ് ഡൽഹി കേന്ദ്രമായ ദക്ഷിണ ഭാരത നാടക സഭ എന്ന തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു.
1976ൽ കെ. ബാലചന്ദറിന്‍റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. കെ. ബാലചന്ദര്‍ ആണ് ഡല്‍ഹി ഗണേഷ് എന്ന പേരു നൽകിയത്. സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകൾ (1989), മാക്കേൽ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) എന്നിവ ശ്രദ്ധേയമായചിത്രങ്ങളാണ്. ഇന്ത്യൻ-2വിലാണ് അവസാനമായി വേഷമിട്ടത്. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തിചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നീ മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.തെലുങ്കിൽ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.1979-ൽ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ൽ കലൈമാമണി പുരസ്കാരവും ഡൽഹി ഗണേഷ് സ്വന്തമാക്കി.
aa