മദ്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷൻ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ


ന്യൂഡൽഹി: മദ്റസകൾ അടച്ചുപൂട്ടണമെന്നും മദ്റസ ബോർഡുകൾക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ നിർദേശവുമായി ദേശീയ ബാലാവകാശ കമീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ തുടർനടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. ഈ കത്തിനെ തുടർന്ന് യു.പി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹ‌‌‌‌‌‌‌‌ർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

ബാലാവകാശ കമീഷന്‍റെ കത്തിനെ അടിസ്ഥാനമാക്കി യു.പി സർക്കാർ മദ്റസകൾക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഇതിനെ എതിർത്താണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹർജി നൽകിയത്. തുടർന്ന്, ബാലാവകാശ കമീഷന്‍റെ ഉത്തരവ് നടപ്പാക്കരുതെന്ന് നിർദേശിച്ച കോടതി യു.പി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സ്റ്റേ ചെയ്യുകയായിരുന്നു. കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മദ്റസകളിലെ അധ്യയനരീതി വിദ്യാർഥികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമീഷൻ (എൻ.സി.പി.സി.ആർ) വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നത്. മദ്റസകളുടെ പ്രവർത്തനത്തെക്കുറിച്ച് കമീഷൻ പഠിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകൾ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസം അന്യമാക്കുന്ന സാഹചര്യമുണ്ടാക്കിയെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ഉദ്ദേശ്യലക്ഷ്യത്തിനപ്പുറം അധഃസ്ഥിതാവസ്ഥക്കും വിവേചനത്തിനും കാരണമായി.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണ്‌. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്നത് കൊണ്ടോ അംഗീകാരം നൽകിയതുകൊണ്ടോ മദ്റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാകുന്നില്ലെന്നും കത്തില്‍ പറയുന്നു. മദ്റസകൾക്കും മദ്റസ ബോർഡുകൾക്കും നൽകുന്ന സഹായം സംസ്ഥാന സർക്കാർ നിർത്തലാക്കണം. മദ്റസ ബോർഡുകൾ അടച്ചുപൂട്ടണം. മദ്റസകളിൽ മുസ്‍ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ അവരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്റസകളിൽ പഠിക്കുന്ന മുസ്‍ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നതടക്കം നിർദേശങ്ങളും രണ്ടുപേജുള്ള കത്തിലുണ്ട്. മദ്റസകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച് ഒമ്പത് വർഷം കൊണ്ട് തയാറാക്കിയതെന്ന് അവകാശപ്പെടുന്ന ‘വിശ്വാസ സംരക്ഷകരോ അവകാശങ്ങൾ അടിച്ചമർത്തുന്നവരോ?’ എന്ന തലക്കെട്ടിൽ 71 പേജുള്ള റിപ്പോർട്ടും കമീഷൻ കത്തിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ‘ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമം’ റദ്ദാക്കിയ അലഹാബാദ് ഹൈകോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മദ്റസ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനെക്കുറിച്ചായിരുന്നു ആശങ്കയെങ്കിൽ മദ്റസ ബോർഡ് നിയമം റദ്ദാക്കുകയല്ല പരിഹാരമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം ഈ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടരുതെന്ന് ഉറപ്പുവരുത്തുകയായിരുന്നു ഹൈകോടതി ചെയ്യേണ്ടിയിരുന്നതെന്നും വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി.

article-image

dfadsfsa

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed