ടിസ്സിൽ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി(ടിസ്സ്)ലെ ഹൈദരാബാദ് ക്യാമ്പസില്‍ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിച്ചതില്‍ സസ്‌പെന്‍ഷനിലായ പിഎച്ച്ഡി ദളിത് വിദ്യാര്‍ത്ഥിയും മലയാളിയുമായ നേതാവ് രാമദാസ് പ്രിണി ശിവാനന്ദന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാണ് പ്രൊഫസര്‍ അര്‍ജുന്‍ സെന്‍ഗുപ്തയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.
ഒക്ടോബര്‍ നാലിന് പ്രോഗസീവ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ (പിഎസ്ഒ)യും അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പരിപാടിയിലാണ് അര്‍ജുന്‍ സെന്‍ഗുപ്ത രാംദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സെന്‍ഗുപ്തയുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ടിസ്സിലെ നിലവിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളിലെ ആശങ്കകളും മറ്റ് പ്രശ്‌നങ്ങളും ഉന്നയിച്ചുള്ള പ്രതിഷേധമായിരുന്നു വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയത്. ടാറ്റാ എഡുക്കേഷന്‍ ട്രസ്റ്റ് (ടി ഇ ടി) ധനസഹായം നല്‍കുന്ന 119 അധ്യാപക അനധ്യാപക സ്റ്റാഫുകള്‍ നേരിടുന്ന തൊഴില്‍ അനിശ്ചിതത്വും പ്രതിഷേധത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.
സെന്‍ഗുപ്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമിടയില്‍ ഐക്യം വേണമെന്നും പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. മലയാളിയായ ശിവാനന്ദന്‍ ജന്തര്‍ മന്തറില്‍ നടന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്തതിനാണ് സസ്‌പെന്‍ഷനിലായത്. സസ്‌പെന്‍ഷന്‍ ഉത്തരവിനെതിരെ ശിവാനന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ശിവാനന്ദന്റെ സസ്‌പെന്‍ഷന്‍ കേസ് ഇപ്പോള്‍ കോടതി പരിഗണനയിലാണെന്നും അതുകൊണ്ട് തന്നെ സെന്‍ഗുപ്തയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും ആരോപിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
aqsdsdd