മധ്യപ്രദേശിൽ നരഹത്യ കേസിലെ നിർണായക തെളിവുകൾ എലി കരണ്ടു; ഇന്ദോർ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം
നരഹത്യക്കേസിലെ നിർണായക തെളിവുകൾ ഉൾപ്പെടെ 29 സാംപിളുകൾ എലികൾ നശിപ്പിച്ചു. സംഭവത്തിൽ ഇന്ദോർ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് ഹൈകോടതി. അന്വേഷണത്തിനിടെ ശേഖരിച്ച് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചതായിരുന്നു ഇവയെല്ലാം. പൊലീസ് സ്റ്റേഷനുകളിലെ ദയനീയാവസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 2021ലെ കേസ് പരിഗണിക്കവെയാണ് സംഭവം കോടതിയുടെ പരിഗണനയിൽ വന്നത്. ഭാര്യയെ മർദിച്ചുകൊന്ന പരാതിയിൽ യുവാവിന്റെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. അതിക്രൂരമായാണ് അൻസാർ അഹ്മദ് ഭാര്യ താഹിറയെ മർദിച്ചത്. ഭർത്താവിന്റെ മർദനത്തിൽ താഹിറയുടെ തലക്കും കൈക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. ചികിത്സക്കിടെ അവർ മരണപ്പെടുകയും ചെയ്തു.
ഐ.പി.സി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് അൻസാറിനെതിരെ പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവുകൾ ശേഖരിച്ച് സ്റ്റേഷനിൽ സൂക്ഷിച്ചു. ഒക്ടോബർ നാലിന് കേസിന്റെ ഭാഗമായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കോടതിയിലെത്തി തെളിവുകൾ നശിപ്പിക്കപ്പെട്ടതായി കോടതിയെ അറിയിക്കുകയായിരുന്നു. നിർണായക തെളിവുകളടക്കം എലികൾ കരണ്ടുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരായ അഭിനയ് വിശ്വകർമ, ചന്ദ്രകാന്ത് പട്ടേൽ എന്നിവർ കോടതിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. അന്വേഷണത്തിൽ ശേഖരിച്ച വസ്തുക്കളും സാമഗ്രികളും പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചാലുള്ള ദയനീയാവസ്ഥ ഇത് വെളിച്ചത്ത് കൊണ്ടുവന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
dsdfsvadsqwaq