രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്
അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ്)യില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു. അനുശോചന കുറിപ്പിലൂടെ രാഷ്ട്രപതി ദ്രൗപദി മുർമു രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ഇന്നലെ രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു.
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് രത്തന്‍ടാറ്റ. ജെ ആര്‍ ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28-നാണ് ജനനം. മുംബൈയിലെ കാംപിയന്‍, കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളുകളില്‍ പഠനം. ന്യൂയോര്‍ക്കിലെ ഇത്താക്കയിലുള്ള കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി.
1991 ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിെ നത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു. വിദേശസര്‍ക്കാരുകളുടേതുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.
sadads