ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ശ്രീനഗർ
ജമ്മു കാഷ്മീരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. 25.5 ലക്ഷം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും. 239 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. എന്‍സി വൈസ് പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, ജെകെപിസിസി പ്രസിഡന്‍റ് താരിഖ് ഹമീദ് കര്‍റ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ് നടക്കുന്നത്. 3,502 പോളിംഗ് സ്റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കാഷ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
90 മണ്ഡലങ്ങളാണ് ജമ്മു കാഷ്മീരിലുള്ളത്. സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. ഒന്നാം ഘട്ടത്തില്‍ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ ഒന്നിനു നടക്കുന്ന മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നടക്കും. ഒക്ടോബര്‍ എട്ടിനു ഫലപ്രഖ്യാപനമുണ്ടാകും.
aa