മദ്യ നയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്. ന്നാൽ, സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹരജി കോടതി തള്ളി. കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോൾ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 41ന്‍റെ ഉത്തരവ് പാലിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. കെജ്‌രിവാളിനെയും സി.ബി.ഐ.യെയും പ്രതിനിധീകരിച്ച അഭിഭാഷകരുടെ വാദം കേട്ട ശേഷം സെപ്റ്റംബർ 5ന് സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാത്ത നടപടിയിൽ കെജ്‌രിവാളിനെ എതിർത്തിരുന്നു.
കെജ്‌രിവാൾ ജാമ്യത്തിനായി ഡൽഹി ഹൈകോടതിയെ നേരിട്ട് സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയമാണ് ചെയ്തത്. ഇ.ഡി ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ ജൂൺ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ ജൂലൈ 12ന് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
fdgfdg