ഹിൻഡൻബർഗ് റിപ്പോർട്ട്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനുമെതിരെയുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. സെബി മേധാവിയുടെ രാജി, അദാനി ഗ്രൂപ്പ് പ്രശ്‌നത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം എന്നിവ ആവശ്യപ്പെട്ടായിരിക്കും പ്രതിഷേധം. ഡൽഹിയിൽ ജന്തർ മന്ദറിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം. അദാനി ഗ്രൂപ്പിൻ്റെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടും 18 മാസത്തെ കാലതാമസത്തിന് ശേഷം സെബി മേധാവി തെറ്റായ വിവരങ്ങൾ നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് മാധബി പുരിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയുമാണ് ചോദ്യം ചെയ്യുന്നതെന്നും പാർട്ടി വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. അദാനിയെ രാജ്യത്തെ ഏറ്റവും വലിയ ധനികനാക്കി മാറ്റാനുള്ള എല്ലാ നീക്കവും നടക്കുന്നുണ്ട്. സിബിഐ, ഇഡി തുടങ്ങിയവയെ ദുരുപയോഗം ചെയ്യുന്നതും ഇതിന്റെ ഭാഗമാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ ആരോപണവിധേയമായ ഓഫ്‌ഷോർ സ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവിനും ഓഹരിയുണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ മാധബി പുരി ബുച്ചിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓഹരി വിപണിയിലെ കള്ളക്കളി ഗുരുതരമായ വിഷയമാണെന്ന് ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു.
fgghgffgd