നടൻ വിജയ് പാർട്ടി പതാക പുറത്തിറക്കി
നടൻ വിജയ് പാർട്ടി പതാക പുറത്തിറക്കി. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിലുള്ളത്. വാകൈ പുഷ്പം നടുവിൽ ആലേഖനം ചെയ്തിരിക്കുന്നു. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തി. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ചെന്നൈയിലാണ് വിജയ് പതാക ഉയർത്തിയത്. തുടർന്ന് ചെന്നൈയിലെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി.
''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവൻ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ച സൈനികരെയും എല്ലായ്‍പ്പോഴും ഞങ്ങൾ അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കും.'' - വിജയ് പ്രതിജ്ഞ ചൊല്ലി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ്‍യുടെ നീക്കം. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.
dseswdfswdsw