പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി


പട്ടികജാതി-പട്ടിക വര്‍ഗത്തിലെ ഉപവിഭാഗങ്ങള്‍ക്ക് ഉപസംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് പ്രത്യേകം സംവരണം അനുവദനീയമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ വിധി.

ഉപസംവരണം നല്‍കുമ്പോള്‍ ആകെ സംവരണം 100ല്‍ അധികരിക്കരുതെന്നും സുപ്രിം കോടതി വ്യക്തമാക്കി. വ്യക്തതയുള്ള രേഖകളുടെ അടിസ്ഥാനത്തിലാവണം ഉപസംവരണത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പു നല്‍കുന്ന തുല്യതാ അവകാശത്തിന് വിരുദ്ധമല്ല ഉപസംവരണമെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. ഉപസംവരണം തുല്യതയെ ലംഘിക്കുന്നില്ല. പട്ടികജാതി-പട്ടിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ സമാന സ്വഭാവമുള്ള വര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്നവരല്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഏതെങ്കിലും വിഭാഗത്തെ പട്ടികജാത-പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രപതിയുടെ അധികാരത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നുമാണ് ഏഴംഗ ബെഞ്ചിന്റെ വിധി.

പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കപ്പെടുന്ന സാമൂഹിക പഠന രേഖകളുടെ അടിസ്ഥാനത്തിലാവണം ഉപവിഭാഗങ്ങളെ ഉപ സംവരണത്തിനായി പരിഗണിക്കേണ്ടത്. രാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനാവില്ല. ഭരണകൂടത്തിന്റെ തീരുമാനം നീതിന്യായ വ്യവസ്ഥയുടെ പുനപരിശോധനയ്ക്ക് വിധേയമാണെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപസംവരണം നല്‍കുന്നതിന് മുന്‍ഗണന അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ അനുകൂലിച്ചെഴുതിയ വിധിന്യായത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് വ്യക്തമാക്കി. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ഒരു വിഭാഗം മാത്രമാണ് സംവരണം അനുഭവിക്കുന്നത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലുണ്ട്. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനാവില്ലെന്നും ബി ആര്‍ ഗവായ് എഴുതിയ വിധിന്യായത്തില്‍ പറയുന്നു.

article-image

cdfgnbghvhg

You might also like

Most Viewed