ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ
ഉത്തർ പ്രദേശിലെ ക്ഷേത്രത്തിൽ ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം നടത്തിയ പൂജാരി അറസ്റ്റിൽ. ക്രിച്ച് റാം എന്നയാളാണ് പിടിയിലായത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗറിൽ ജൂലൈ 16നായിരുന്നു സംഭവം. താൻ പൂജാരിയായ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള ഗണേഷ വിഗ്രഹം മുസ്‍ലിംകളായ മന്നാൻ, സോനു എന്നിവർ ചേർന്ന് തകർത്തെന്ന പരാതിയുമായി ഇയാൾ കിഴക്കൻ യു.പിയിലെ കതേല സമയ്മാത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇരുവരും തനിക്ക് നേരെ ഭീഷണി മുഴക്കിയെന്നും തന്നെ പൂജ ചെയ്യാനോ കീർത്തനം ചൊല്ലാനോ സമ്മതിച്ചില്ലെന്നും ആരോപിച്ച ഇയാൾ, തന്റെ ഭാര്യ ഇടപെട്ടപ്പോൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഇതോടെ, പൊലീസ് രണ്ട് യുവാക്കൾക്കുമെതിരെ കേസെടുത്തു. സംഭവം വർഗീയ ചേരിതിരിവിലേക്ക് നീങ്ങിയതോടെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും പ്രത്യേക പൊലീസ് സംഘത്തെ തുടരന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. തുടരന്വേഷണത്തിൽ പൂജാരി തന്നെയാണ് വിഗ്രഹം തകർത്തതെന്ന് ബോധ്യമാകുകയും സംഭവത്തിന് സാക്ഷിയായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പൂജാരി സമ്മതിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
sdfgsgfs