ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഇന്ത്യാ സഖ്യത്തിന് നേട്ടം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഘട്ടം
പിന്നിടുമ്പോൾ ആകെ 13 സീറ്റുകളില്‍ 11 എണ്ണത്തിലും ഇന്ത്യ സഖ്യം മുന്നേറുകയാണ്. മധ്യപ്രദേശിലും ബിഹാറിലും മാത്രമാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുണ്ടായത്.
ബിഹാറിലെ റുപൗലി, പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദ, മണിക്തല , തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഹിമാചല്‍ പ്രദേശിലെ ഡെഹ്റ, ഹമീര്‍പൂര്‍, നലഗഡ, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൂര്‍ പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ജലന്ധര്‍ വെസ്റ്റില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മൊഹീന്ദര്‍ ഭഗത് 11,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്‍റെ സുരീന്ദര്‍ കൗറിനേക്കാള്‍ മുന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്വീന്ദര്‍ സിംഗ് സുഖുവിന്‍റെ ഭാര്യയുമായ കമലേഷ് താക്കൂര്‍ ഡെഹ്റയില്‍ ബിജെപിയുടെ ഹോഷ്യാര്‍ സിംഗിനെതിരേ നേരിയ ലീഡ് നേടി പുലര്‍ത്തുകയാണ്.
കനത്ത മത്സരമാണിവിടെ നടക്കുന്നത്. ബംഗാളിലെ നാല് മണ്ഡലങ്ങളിലും തൃണമുല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവിലുള്ള അംഗങ്ങളുടെ മരണത്തെ തുടര്‍ന്നും രാജിയെത്തുടര്‍ന്നുമാണ് 13 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ സിറ്റിംഗ് സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎയ്ക്കും ഇന്ത്യാ സംഖ്യത്തിനും പ്രധാനമാണ്. ഉത്തരാഖണ്ഡടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ വിജയം നേടിയതാണ്. എന്നാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുന്ന കാഴ്ചയാണ് നിലവിലുള്ളത്.
sdfsf